പെര്‍ത്തിലും ഇന്ത്യയ്ക്കു മാനക്കേടു തന്നെ!
>> Sunday, January 15, 2012

പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരെ തുടര്‍ച്ചയായ മൂന്നാം ടെസ്റ്റിലും ഇന്ത്യ കീഴടങ്ങി. മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ ഒന്നാമിന്നിങ്‌സ് 369 റണ്‍സിൽ ഒതുക്കാനായെങ്കിലും ഇന്ത്യന്‍ ബൗളര്‍മാരുടെ അധ്വാനത്തിന് വിലയിടുന്നതില്‍ ഒരിക്കല്‍ കൂടി ബാറ്റ്‌സ്മാന്മാര്‍ പരാജയപ്പെടുകയാണ് ചെയ്തത്. ഒരു ഇന്നിങ്‌സിനും 37 റണ്‍സിനുമാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. 208 റണ്‍സിന്റെ ലീഡു വഴങ്ങിയ ഇന്ത്യ രണ്ടാംദിനം കളിനിര്‍ത്തുമ്പോള്‍ നാലിന് 88 എന്ന നിലയിലായിരുന്നു. എന്നാല്‍ മൂന്നാംദിവസം കളിയാരംഭിച്ച ഇന്ത്യ 171 പുറത്തായി. ഇതോടെ നാലില്‍ മൂന്ന് ടെസ്റ്റും ജയിച്ച ഓസീസ് പരമ്പര നേടി. നാണംകെട്ട തോല്‍വിയില്‍ നിന്ന് കരകയറാന്‍ പരിശ്രമിച്ച രാഹുല്‍ ദ്രാവിഡ് 47 റണ്‍സിനും വിരാട് കോലി 75 നും പുറത്തായതോടെയാണ് ഇന്ത്യയുടെ ചെറുത്ത് നില്‍പ്പ് അവസാനിച്ചത്.
തുടര്‍ന്ന് വന്ന ധോണിയടക്കമുള്ളവര്‍ നിരനിരയായി ഗൗണ്ടില്‍ നിന്ന് തിരിച്ചുമടങ്ങുന്ന കാഴ്ച്ചയാണ് പെര്‍ത്തിലെ കാണികള്‍ കണ്ടത്. ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ (180) എഡ് കൊവാന്റെ (74) അര്‍ധശതകവുമാണ് ആതിഥേയരെ ശക്തമായ നിലയിലെത്തിച്ചത്. പുതുമുഖതാരം ഉമേഷ് യാദവിന്റെ കന്നി അഞ്ചു വിക്കറ്റ് നേട്ടവും കോലിയുടെ 75 റണ്‍സുമാണ് ഇന്ത്യയ്ക്ക് ആകെ പറയാനുള്ള മികച്ച പ്രകടനം.
ബിഷന്‍സിങ് ബേദിക്ക് ( 1977-ല്‍ നേടിയ 89ന് 5 ) ശേഷം പെര്‍ത്തില്‍ ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണ് ഉമേഷ് പുറത്തെടുത്തത്. മുന്‍നിര ബാറ്റ്‌സ്മാന്മാരുടെ മോശം പ്രകടനമാണ് പരമ്പരയിലുടനീളം ഇന്ത്യയെ കുഴക്കിയത്. സെവാഗ്-ഗംഭീര്‍ ഓപ്പണിങ് സഖ്യം ഒരിക്കല്‍കൂടി പരാജയപ്പെടുന്ന അവസ്ഥയാണ് 'വാക്ക' പിച്ചില്‍ കണ്ടത്.
ഗംഭീറിനെ (14) പുതുമുഖമായ സ്റ്റാര്‍ക്കും സെവാഗിനെ (10) സിഡിലും മടക്കിയയച്ചു. സച്ചിന്‍ തെണ്ടുല്‍ക്കറെ (8) പുറത്താക്കിയതും സ്റ്റാര്‍ക്കാണ്. ഓസീസ് മണ്ണില്‍ മികച്ച റെക്കോഡുള്ള ലക്ഷ്മണ്‍ പൂജ്യനായി മടങ്ങി. ഹില്‍ഫെനോസിന്റെ പന്തില്‍ ഷോണ്‍ മാര്‍ഷ് പിടിച്ചാണ് പുറത്തായത്. ഈ പരമ്പരയില്‍ രണ്ടാം തവണയാണ് ഇന്നിങ്‌സ് തോല്‍വി ഇന്ത്യ ഏറ്റുവാങ്ങുന്നത്. അഡ്‌ലെയ്ഡിലെ നാലാം മത്സരത്തിനു മുമ്പു തന്നെ ചാമ്പ്യന്മാര്‍ക്കുള്ള ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ഓസീസ് ടീം കരസ്ഥമാക്കും.