ജഡേജയ്ക്ക് തീവില



0 comments














ബാംഗ്ലൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഈ സീസണ്‍ കളിക്കില്ലെന്നുറപ്പായ കൊച്ചി ടസ്കേഴ്സ് കേരളയുടെ താരങ്ങളെ ഐപിഎല്‍ താരലേലത്തില്‍ മറ്റുടീമുകള്‍ പൊന്നുംവിലയ്ക്കു സ്വന്തമാക്കി. രണ്ടു ദശലക്ഷം യുഎസ് ഡോളറിന് (ഏകദേശം 9.8 കോടി രൂപ) ചെന്നൈ സൂപ്പര്‍ കിങ്സ് വീശിയെടുത്ത രവീന്ദ്ര ജഡേജയായിരുന്നു ബാംഗൂരില്‍ നടന്ന ലേലത്തിലെ താരം. ഇതോടെ ജഡേജ, നേരത്തെതന്നെ ഒന്‍പതുകോടി നേട്ടം കടന്ന ഗൌതം ഗംഭീര്‍ അടക്കമുള്ളവരു
ടെ നിരയിലേക്കു കയറി.

ടസ്കേഴ്സിന്റെതന്നെ താരമായ ശ്രീലങ്കന്‍ നായകന്‍ മഹേള ജയവര്‍ധനയെ 6.86 കോടി രൂപയ്ക്കു ഡല്‍ഹി ഡെയര്‍ഡെവിള്‍സും ഫാസ്റ്റ് ബോളര്‍ ആര്‍. വിനയ്കുമാറിനെ 4.90 കോടി രൂപയ്ക്കു റോയല്‍ ചാലഞ്ചേഴ്സ് ബാംഗൂരും ന്യൂസീലന്‍ഡ് താരം ബ്രണ്ടന്‍ മക്കല്ലത്തെ 4.41 കോടി രൂപയ്ക്കു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും സ്വന്തമാക്കി. എസ്. ശ്രീശാന്തിനെ അടിസ്ഥാന വിലയായ 1.96 കോടി രൂപയ്ക്കു രാജസ്ഥാന്‍ റോയല്‍സ് നീലക്കുപ്പായമണിയിച്ചു. വി.വി.എസ്. ലക്ഷ്മണെ ലേലത്തിലെടുക്കാന്‍ ഒരു ടീമും തയാറായില്ല.

സഹാറ ഇന്ത്യ പരിവാര്‍ ബിസിസിഐയുടെയും ഐപിഎല്ലിന്റെയും എല്ലാ സ്പോണ്‍സര്‍ഷിപ്പുകളില്‍നിന്നും പിന്മാറിയതിനാല്‍ അവരുടെ ഉടമസ്ഥതയിലുള്ള പുണെ വാറിയേഴ്സ് ലേലത്തില്‍നിന്നു വിട്ടുനിന്നു. എങ്കിലും ആകെ ടീമുകളുടെ എണ്ണം പുണെയുള്‍പ്പെടെ ഒന്‍പതായിരിക്കുമെന്ന് ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ള അറിയിച്ചു. പുണെ കളിക്കില്ലെന്ന് അവര്‍ രേഖാമൂലം അറിയിച്ചിട്ടില്ല. ഇപ്പോഴത്തെ നിലയില്‍ കഴിഞ്ഞ വര്‍ഷത്തെ ടീമുകളില്‍ കൊച്ചി ടസ്കേഴ്സ് മാത്രമേ ഈ സീസണില്‍ ഇല്ലാതുള്ളൂ.

ലേലത്തിന് ആകെ 144 താരങ്ങളെയാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഇതില്‍ 136 പേര്‍ വിദേശികളും എട്ടുപേര്‍ ഇന്ത്യക്കാരുമായിരുന്നു. ആറ് ഇന്ത്യക്കാരടക്കം 25 പേരെ വിവിധ ടീമുകള്‍ വിളിച്ചെടുത്തു. ടീമുകള്‍ തമ്മില്‍ താരങ്ങളെ കൈമാറ്റം ചെയ്യാനും മറ്റുമുള്ള സൌകര്യത്തിനുള്ള ഓപ്പണ്‍ വിന്‍ഡോ സംവിധാനം നാളെ ആരംഭിക്കും. മറ്റു ടീമുകളിലെ അംഗങ്ങളെ അവരുടെ സമ്മതത്തോടെ വാങ്ങുന്ന പ്രക്രിയയാണിത്. ഇതില്‍ നടക്കുന്ന സാമ്പത്തിക ഇടപാടു പരസ്യപ്പെടുത്തില്ല.
മിന്നുംതാരമായി ജഡേജ

ഐപിഎല്ലില്‍ ഏറെ നേട്ടമുണ്ടായ താരം രവീന്ദ്ര ജഡേജ തന്നെയാണു ലേലത്തില്‍ ആദ്യം വിറ്റുപോയതും. അടിസ്ഥാന വിലയായ ഒരുലക്ഷം യുഎസ് ഡോളറിന് (49 ലക്ഷം രൂപ) ഇംഗണ്ടില്‍നിന്നുള്ള പ്രഫഷനല്‍ ലേലംവിളിക്കാരനായ റിച്ചാര്‍ഡ് മാഡ്ലി ജഡേജയെ ലേലത്തിനു വച്ചപ്പോള്‍ പല ടീമുകളും മാറിമാറി കൂട്ടിവിളിച്ചു. ഒടുവില്‍ വാശിയേറിയ മല്‍സരം ഹൈദരാബാദിലെ ഡെക്കാന്‍ ചാര്‍ജേഴ്സും ചെന്നൈ സൂപ്പര്‍ കിങ്സും തമ്മിലായി. ഒടുവില്‍ ഇരുടീമുകളും രണ്ടു ദശലക്ഷം ഡോളറിലെത്തിയപ്പോള്‍ (9.8 കോടി രൂപ) ലേലം ടൈബ്രേക്കറിലേക്കു നീങ്ങി. ഇതില്‍ ചെന്നൈയാണു കൂടുതല്‍ തുക മുന്നോട്ടുവച്ചത്. ഈ അധികത്തുക ബിസിസിഐക്കാണു പോകുക. ഈ തുകയെത്രയെന്നു പരസ്യമാക്കില്ല. എങ്കിലും സമീപകാലത്ത് ഇന്ത്യന്‍ നിരയിലെ തിളങ്ങുംതാരമായ ജഡേജ ചെന്നൈയുടെ മഞ്ഞക്കുപ്പായമിട്ടു കളത്തിലിറങ്ങും.

കഴിഞ്ഞ വര്‍ഷം ജഡേജയെ കൊച്ചി സ്വന്തമാക്കിയത് ഒന്‍പതര ലക്ഷം യുഎസ് ഡോളറിനാണ് (ഇന്നത്തെ 4.65 കോടി രൂപ). ഇന്നലെ ജഡേജയെ എടുത്തതോടെ ചെന്നൈയുടെ 'പേഴ്സ് കാലിയായി. രണ്ടു ദശലക്ഷം ഡോളറുണ്ട് കയ്യില്‍. എടുക്കാവുന്നത് ഒരേയൊരു താരത്തെ. അങ്ങനെ ലേലത്തിനു വന്ന സൂപ്പര്‍ കിങ്സ് അതേ വിലയ്ക്കു ജഡേജയെ കൈക്കലാക്കി.

ശ്രീശാന്ത് റോയല്‍സില്‍
പരുക്കിനാല്‍ ബുദ്ധിമുട്ടുന്ന ശ്രീശാന്തിന്റെ പേര് ലേലത്തിനുണ്ടാകില്ലെന്നാണു ബാംഗൂരില്‍ വെള്ളിയാഴ്ച രാത്രി രാജീവ് ശുക്ള മാധ്യമങ്ങളോടു പറഞ്ഞത്. എന്നാല്‍ ലേലത്തിന്റെ പട്ടിക വന്നപ്പോള്‍ അതില്‍ ശ്രീയുമുണ്ടായിരുന്നു. റിച്ചാര്‍ഡ് മാഡ്ലി അടിസ്ഥാന തുകയായ 1.96 കോടി രൂപയ്ക്കു 'കേരള എക്സ്പ്രസിന്റെ പേരു വിളിച്ചപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് ആ തുകയ്ക്കു ശ്രീശാന്തിനെ ചോദിച്ചു. ആരും കൂട്ടിവിളിച്ചതുമില്ല. കഴിഞ്ഞ വര്‍ഷം കൊച്ചി ശ്രീശാന്തിനെ വാങ്ങിയതു നാലരക്കോടി രൂപയ്ക്കായിരുന്നു. ലേലത്തില്‍ ഏറ്റവുമൊടുവില്‍ അദ്ഭുതമായതു ശ്രീലങ്കന്‍ ഓള്‍റൌണ്ടര്‍ തിസാര പെരേരയായിരുന്നു.
newer post